എഡ്ജ്ബാസ്റ്റണ്: 2026 വനിതാ ട്വന്റി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ. ജൂണ്‍ 12ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ അഞ്ചിന് അവസാനിക്കും.
ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ പത്താം പതിപ്പിൽ 12 ടീമുകൾ കിരീടത്തിനായി പോരാടും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഇത്തവണ ഒരേ ഗ്രൂപ്പിൽ പോരടിക്കും. ജൂണ്‍ 14നാണ് ഇന്ത്യ- പാക്കിസ്ഥാൻ ആവേശപ്പോരാട്ടം.
കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെ ടൂർണമെന്റിലെ 12 ടീമുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. ആറ് ടീമുകളെ വീതം രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചാണ് മത്സരം. ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടിയ ശേഷം ആദ്യത്തെ നാല് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നിവർ മാറ്റുരയ്ക്കും. ഗ്രൂപ്പ് ബിയിൽ നിലവിലെ ചാന്പ്യന്മാരായ ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, സ്കോട്ലന്ഡ് എന്നിവരും ഉൾപ്പെടുന്നു.
ടൂർണമെന്റിൽ 33 മത്സരങ്ങളുണ്ടാകും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ നടക്കും. ആദ്യ മത്സരം വൈകുന്നേരം മൂന്നിനും രണ്ടാം മത്സരം വൈകിട്ട് ഏഴ് മണിക്കും മൂന്നാം മത്സരം രാത്രി 11നും നടക്കും.